ഹിമവല്‍ ഗോപാല സ്വാമി ബേട്ട - കോശിച്ചായന്‍ വക

0 comments

ഗോപാലസ്വാമി ബേട്ട - മഞ്ഞിന്‍റെ കൂടാരം എന്നറിയപ്പെടുന്ന മലകള്‍ പലപ്രാവശ്യം യാത്ര ചെയ്തിട്ടുള്ള ഗുടലൂര്‍ ‍ മൈസൂര്‍ റൂട്ടിലെ ഗുണ്ടല്‍പ്പെട്ടില്‍ നിന്നുമാണ് ഹിമവല്‍ ഗോപാലസ്വാമി ബേട്ട എന്ന മനോഹരമായ മലമുകളിലേക്ക് ഉള്ള വഴി. എന്നാല്‍ ഇതിനുമുന്‍പ് ഒരിക്കല്‍ പോലും അവിടെ പോകാന്‍ ‍കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒരു മൈസൂര്‍ ട്രിപ്പ് പ്ലാന്‍‍ ചെയ്തപ്പോള്‍ എന്തായാലും ഗോപാലസ്വാമി ബേട്ട കാണണം എന്ന് തീരുമാനിച്ചിരുന്നു. മൈസൂരില്‍ നിന്നും 75 കിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം. ബേട്ട എന്നാല്‍ കന്നടയില്‍ ഹില്‍ എന്നാണ് അര്‍ഥം.
അങ്ങനെ ഗുണ്ടല്‍പ്പെട്ടില്‍‍നിന്നും അതിരാവിലെ യാത്ര തുടങ്ങി. ഗുണ്ടല്‍പ്പെട്ട ടൌണില്‍ എത്തി ഓരോ കാലി ചായയും കുടിച്ചിട്ട് ഗോപാലസ്വാമി ബേട്ട ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.
ഗുണ്ടല്‍പ്പെട്ടില്‍‍നിന്നും ഏകദേശം 18 കിലോമീറ്റര്‍ ദൂരെയാണ് ഈ മല. നല്ല തണുപ്പ്. സൂര്യന്‍‍ ഉദിച്ചു തുടങ്ങുന്നതെ ഉള്ളൂ, നല്ല മനോഹരമായ വീതിയുള്ള റോഡ്‌. വഴിയില്‍‍ വാഹനങ്ങളും കുറവ് അത് കൊണ്ട് നല്ല വേഗതയില്‍‍ പോകാന്‍ കഴിഞ്ഞു . റോഡിന്റെ വശങ്ങളില്‍‍ പൂത്തുനില്‍ക്കുന്ന സൂര്യകാന്തിയും, ചോളവും, കരിമ്പും, വാഴയും എല്ലാം സമൃദ്ധി ആയി നില്‍കുന്ന തോട്ടങ്ങള്‍കാണാം. ഇടയ്ക്കിടെ ഉള്ള നേര്‍ത്ത മഴ ദൂര കാഴ്ച്ചയെ മറച്ചു. ഇടയ്ക്കു ഒരു ചെറിയ ടൌണില്‍ ‍എത്തി. കടകള്‍ ഒന്നും തുറക്കാരയിട്ടില്ല. ഗ്രാമം ഉണര്‍‍ന്നു വരുന്നതെ ഉള്ളൂ. കുറെ കര്‍ഷകര്‍‍ പണി ആയുധങ്ങളുമായി നടന്നു നീങ്ങുന്നു. കര്‍‍ണാടക ഗ്രാമങ്ങളുടെ പുലര്‍കാല ഭംഗി ആസ്വദിച്ച്‌ ഞങ്ങള്‍ പതിയെ നീങ്ങികൊണ്ടിരുന്നു.


ഗോപാലസ്വാമി ബെട്ടയില്‍‍ കടകള്‍‍ ഒന്നും തന്നെ ഇല്ലാത്തതു കൊണ്ട് കഴിക്കുവാന്‍ എന്തെങ്കിലും വാങ്ങി കൊണ്ട് പോകണം. പക്ഷെ അതിരാവിലെ ആയതിനാല്‍ ഒന്നും കിട്ടിയില്ല. ഒടുവില്‍ ഹന്ഗാള എന്ന സ്ഥലത്തുനിന്നും അല്പം ഭക്ഷണം സംഘടിപ്പിച്ചു. വീണ്ടു യാത്ര ആരംഭിച്ചു. റോഡിനിരുവശവും പ്രകൃതി സൌന്ദര്യം നിറഞ്ഞൊഴുകുന്ന കാഴ്ചകള്‍ ആണ്. ചെണ്ടുമല്ലി, ജമന്തി സൂര്യകാന്തി എന്നീ പൂക്കളുടെ തോട്ടങ്ങള്‍. അതിനും പുറകിലായി നോക്കെത്താദൂരം നീണ്ടു നിവര്‍ന്നുകിടക്കുന്ന പച്ചപ്പുവിരിച്ച താഴ്വര.


പൂതോട്ടങ്ങള്‍ക്ക് ഇടയില്‍‍ അങ്ങിനു ഓരോ മരങ്ങള്‍‍. കുറെ കൂടി കഴിഞ്ഞപ്പോള്‍ ഒരു ചെക്പോസ്റ്റില്‍‍ എത്തി . കര്‍ണാടക ഫോറെസ്റ്റ് ചെക്പോസ്റ്റ് ആണ്. കുറെ വണ്ടികളുടെ ക്യൂ ഉണ്ട് അവിടെനിന്നും അമ്പതു രൂപ യുടെ പാസ്‌ എടുത്തു. അല്പം പ്ലാസ്റിക് ചെക്കിങ്ങ് ഒക്കെ കഴിഞ്ഞ് വണ്ടി പതിയെ മലയുടെ അരികിലുള്ള വഴിയിലൂടെ മലകയറാന്‍‍ തുടങ്ങി. രാവിലെ 6 മണിമുതല്‍ വൈകിട്ട് 5 മണി വരയെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉള്ളൂ. വഴി മോശമാണ്. ചുറ്റും മഞ്ഞു മൂടിതുടങ്ങി. തണുപ്പും കൂടി കൂടി വന്നു. മലകയറുംതോറും കാഴ്ചകള്‍‍ക്ക് മനോഹാരിത ഏറിവന്നു. ഇടക്കിടെ വലിയ മതില്‍കെട്ടുകള്‍ പോലെ പാറകൂട്ടങ്ങള്‍. ദൂരെ വിശാലമായ കൃഷിയിടങ്ങള്‍‍ അതിനിടയിലായി അവിടവിടെ ചെറിയ തടാകങ്ങള്‍. കുറെ ദൂരംപിന്നിട്ടപ്പോള്‍ അകലെയായി മഞ്ഞ ചായം പുതച്ച ക്ഷേത്ര ഗോപുരം കണ്ടുതുടങ്ങി.


ഞങ്ങള്‍‍ ക്ഷേത്രകവാടത്തില്‍‍ എത്തിയപ്പോള്‍ എല്ലാം മഞ്ഞു മൂടികിടക്കികയാണ്. തൊട്ടു മുന്‍പില്‍‍ ‍ ഉള്ളതുപോലും കാണാന്‍ കഴിയാത്ത അവസ്ഥ. മഞ്ഞു മാറാനായി ഞങ്ങള്‍ അല്‍പനേരം വണ്ടിക്കുള്ളില്‍ തന്നെ കഴിച്ചുകൂട്ടി. കിട്ടിയ അല്പം സ്ഥലത്ത് വണ്ടി പാര്‍ക്കുചെയ്തു. പ്രതീക്ഷിച്ചതിലും നല്ല തണുപ്പ്. ഊട്ടിയെക്കളും തണുപ്പ് ഇവിടെയാണെന്ന് തോന്നുന്നു.

മഞ്ഞു മൂടി കിടക്കുന്ന പടവുകള്‍‍ കയറി ക്ഷേത്രത്തിനു മുന്നിലെത്തി. ഇത് വേണുഗോപാല്‍ സ്വാമി ക്ഷേത്രം ആണ്. ഇവിടം ശരിക്കും ഒരു മഞ്ഞിന്റെ കൂടാരം തന്നെ ആണ് . ക്ഷേത്രത്തിനു മുന്‍‍ വശത്ത് നില്‍ക്കുന്ന വലിയ മരങ്ങളില്‍‍ കാറ്റ് വന്നു തട്ടിയിട്ടു വലിയ ഹുങ്കാര ശബ്ദം ഉണ്ടാകുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍‍ മഞ്ഞ് അലിഞ്ഞു അലിഞ്ഞില്ലാതെയായി . ദൂരെ ആരെയും ആകര്‍ഷിക്കുന്ന പച്ച പുതച്ച മൊട്ട കുന്നുകള്‍‍ കാണാം.

കുറച്ചു സഞ്ചാരികള്‍ മല കയറുന്നുണ്ട്. ഞങ്ങളും മുന്‍പില്‍ തെളിഞ്ഞ വഴിത്താരയിലൂടെ മല ലക്ഷ്യമാക്കി നടന്നു. അട്ടകളുടെ ശല്യം ഉണ്ടെന്നു തോന്നുന്നു.

വഴിയില്‍‍ ആന മേഞ്ഞു നടന്ന അടയാളങ്ങള്‍ കാണാം. ആന പിന്ധത്തിന്റെ ചൂര് ശരിക്കും അനുഭവിക്കുനുണ്ട്. താഴെ ബന്ദിപൂര്‍‍ ദേശിയ പാര്‍‍ക്ക് ആണ്. അവിടെ നിന്നും ആനകള്‍‍ ധാരാളം ഈ മലമുകളില്‍ എത്താറുണ്ട്. ഞങ്ങള്‍‍ നടന്നു നടന്നു മലയുടെ മുകളില്‍ എത്തി, അപ്പോളും അവിടം മുഴുവന്‍‍ മഞ്ഞു മൂടിയിരിക്കുകയാണ്. അല്പം അകലെ ഒരു ചെറിയ പാറയില്‍ ഒരു മയില്‍ പീലിവിടര്‍ത്തി നില്‍ക്കുന്നു. കുറെ ആളുകള്‍ അങ്ങോട്ട്‌ നീങ്ങി. അവര്‍ അവിടെ എത്തുമുന്പേ മയില്‍ സ്ഥലംവിട്ടു.
ഒരു പാറ പുറത്തു കയറിയിരുന്നു ഞങ്ങള്‍ അല്‍പനേരം വിശ്രമിച്ചു. വെള്ളംകുപ്പി വണ്ടിക്കുളില്‍ ആയിപോയതിനാല്‍ എല്ലാവരും നന്നയി വിഷമിച്ചു. ബന്ദിപൂര്‍ വനമേഖലയിലെ ഹൃദയഭാഗത്തുള്ള ഏറ്റവും ഉയരംകൂടിയ സ്ഥലമാണിത്. 1454 മീറ്റര്‍. ശരിക്കും ഭൂമിയിലെ ഒരു സ്വര്‍‍ഗം ആണ് ഇവിടം എന്ന് തോന്നി. നോക്കെത്താദൂരം മനോഹരമായ കാഴ്ചകള്‍ ആണിവിടെ പ്രകൃതി നമുക്കായി ഒരുക്കിവേച്ചിരിക്കുന്നത്. താഴ്വരയിലൂടെ മേഘങ്ങള്‍ ഓടിനടക്കുന്നു. നല്ല തണുപ്പും മലകയറിയ ക്ഷീണവും ഞങ്ങളെ തളര്‍ത്തി തുടങ്ങിയിരുന്നു.. ചെറുതായി വിശപ്പും വീണുതുടങ്ങി..
തിരികെ വീണ്ടു ക്ഷേത്രത്തിനു അടുത്ത് എത്തി. വണ്ടിയില്‍ കരുതിയിരുന്ന ബ്രഡും ജാമും ഒരുകുപ്പി വെള്ളവും ഭക്ഷിച്ച്‌ സോള്‍ട്ട് ആന്‍റ് പേപ്പറിലെ പാട്ടും കേട്ട് വണ്ടിക്കുള്ളില്‍ അല്‍പനേരം കിടന്നു. സൂര്യന്‍‍ പതിയെ തലയുയര്‍ത്തി തുടങ്ങി. തണുപ്പും അല്പം നേരിയ വെയിലും ഇടകലര്‍ന്ന കാലാവസ്ഥ. ഇപ്പോള്‍ താഴ്വരയും താഴെ ബന്ദിപൂര്‍ വന മേഖലയും കര്‍ണാടക കൃഷിയിടങ്ങളും നന്നായി കാണാം .. എല്ലാ ഭാഗത്തും പച്ചപ്പ്‌ മാത്രം. ഇപ്പോഴാണ്‌ ക്ഷേത്രം വ്യക്തമായി കാണാന്‍‍ കഴിഞ്ഞത് .


മഞ്ഞ കളര്‍‍ അടിച്ച ശ്രീകോവില്‍‍, ചുമപ്പും വെള്ളയും അടിച്ചു ഭംഗി ആക്കിയിരിക്കുന്ന മതില്‍കെട്ട് . AD1315- ചോള രാജ കാലത്താണ് ഈ ക്ഷേത്രം നിര്‍‍മ്മിച്ചത്‌. ഈ ക്ഷേത്രത്തിനു സമീപം ഹംസതീര്‍ധ്ത എന്ന ഒരു തടാകവും ഉണ്ട്. ക്ഷേത്രവും ചുറ്റിനുമുള്ള കുറെ ഫോട്ടോസ് എടുത്തു ഉച്ചവരെ അവിടെ ചുറ്റിത്തിരിഞ്ഞു. തിരക്ക് കൂടിയപ്പോള്‍ അടുത്ത കാഴ്ചകള്‍ക്കായി ആ മഞ്ഞിന്‍റെ കൂടാരം വിട്ട് ഞങ്ങള്‍ താഴേക്ക്‌ വണ്ടി വിട്ടു.....

Leave a Reply